
ദോഹ:ഐക്യരാഷ്ട്രസഭയുടെപൊതുസമ്മേളനത്തോട് (UNGA) അനുബന്ധിച്ച് ബ്ലൂംബർഗുമായി (Bloomberg) സഹകരിച്ച് ന്യൂയോർക്കിൽ സംഘടിപ്പിച്ച 'ഖത്തർ ഇക്കണോമിക് ഫോറം' പ്രത്യേക പതിപ്പിൽ (Qatar Economic Forum Special Edition) ഖത്തറിലെ മുൻനിര ബാങ്കിംഗ് സ്ഥാപനമായ കൊമേഴ്ഷ്യൽ ബാങ്ക് പങ്കെടുത്തു.
വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഉമർ ഹുസൈൻ അൽ ഫർദാൻ, ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (CEO) സ്റ്റീഫൻ മോസ്, ട്രഷറി & ഇൻവെസ്റ്റ്മെന്റ് വിഭാഗം എക്സിക്യൂട്ടീവ് ജനറൽ മാനേജർ ഇമ്രാൻ അൽ ഷിറാവി, കമ്മ്യൂണിക്കേഷൻസ് & മാർക്കറ്റിംഗ് മേധാവിയും എക്സിക്യൂട്ടീവ് ജനറൽ മാനേജറുമായ ഈമാൻ മുഹമ്മദ് അൽ നഈമി എന്നിവർ കൊമേഴ്ഷ്യൽ ബാങ്കിനെ പ്രതിനിധീകരിച്ച് ഫോറത്തിൽ പങ്കെടുത്തു.
ഖത്തറിലെ ബാങ്കിംഗ് മേഖലയ്ക്ക് 'ദോഹ ഇൻവെസ്റ്റ്മെന്റ് പ്ലാറ്റ്ഫോമിന്റെ' (Doha Investment Platform) തുടക്കം വലിയ മുന്നേറ്റമാണെന്ന് കൊമേഴ്ഷ്യൽ ബാങ്ക് ഗ്രൂപ്പ് സി.ഇ.ഒ സ്റ്റീഫൻ മോസ് വ്യക്തമാക്കി. "കോർപ്പറേറ്റ് ഫിനാൻസിംഗ് അവസരങ്ങൾ വിപുലീകരിക്കുന്നതിനും, വിപണികളെ കൂടുതൽ സജീവമാക്കി സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുന്നതിനും ഈ പ്ലാറ്റ്ഫോം വഴിയൊരുക്കും. ഖത്തറിന്റെ സുസ്ഥിരമായ സാമ്പത്തിക വികസനത്തിൽ പങ്കാളികളാകാൻ അന്താരാഷ്ട്ര മൂലധനത്തെയും വൈദഗ്ധ്യത്തെയും ക്ഷണിക്കുന്ന വ്യക്തമായ സന്ദേശമാണിത്. ഈ ശ്രമങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകാനും ലക്ഷ്യങ്ങൾ കൈവരിക്കാൻ സംഭാവന നൽകാനും കൊമേഴ്ഷ്യൽ ബാങ്ക് പ്രതിജ്ഞാബദ്ധമാണ്," അദ്ദേഹം പറഞ്ഞു.










